ഇന്നത്തെ കേരള ഇന്നത്തെ കേരള
/കെ.കെ.വൈശമ്പായനൻ/
ലോട്ടറി കൊണ്ടും മദ്യം മദിരാക്ഷി ടൂറിസം കൊണ്ടും പിഴിഞ്ഞെടുക്കുന്ന നികുതികൾ കൊണ്ടും മക്കളുടെ വീട് മാത്രം മോടിപിടിപ്പിക്കുന്ന ഭരണാധികാരികൾ വാഴുന്ന ഒരു നാട്ടിലെ മാധ്യമ പ്രവർത്തനമേഖല ലോട്ടറി ക്കാരുടെ കയ്യിൽ നിന്ന് ഏറ്റെടുത്ത പരസ്യ വാചകമാണ് ഇന്നത്തെ കേരള ഇന്നത്തെ കേരള. എന്താടാ നാളെ കേരളമില്ലേ എന്ന് ദശമൂലം ദാമു ചോദിച്ചാൽ കഴുത്ത് കുനിച്ച്, തലചൊറിഞ്ഞ്, ഇളിച്ചോണ്ട് ഓമ്പ്രാ, പാളേൽ കഞ്ഞി കുടിച്ചോളാം, തമ്പ്രാ എന്ന് വിളിച്ചോളാം എന്ന് പറഞ്ഞ് നടവഴിയിൽ നിന്ന് ഒഴിഞ്ഞ് കൊടുത്ത് നിൽക്കുന്ന മാധ്യമ പ്രവർത്തകരുടെ വംശവർധന വല്ലാതെ കേരള സാംസ്കാരികതയ്ക്ക് ദൂഷ്യം ചെയ്തു കൊണ്ടിരിക്കുന്നു. ചാനൽ ചർച്ചയിൽ ഒരു സിപിഎം പ്രതിനിധി അവതാരകൻ്റെ രാഷ്ടീയ ബോധത്തെ നോക്കി പരിഹസിച്ചപ്പോൾ ഞാനും ഒരു എസ്എഫ്ഐ ക്കാരനായിരുന്നു, ഒരു കമ്യൂണിസ്റ്റാണ് ഇപ്പഴും എന്ന് പറഞ്ഞ് തിരിച്ചാക്രമിച്ച മാധ്യമ പ്രവർത്തകൻ മാധ്യമപ്രവർത്തനമേഖലയിലെ ചാവേർ പോരാളിയാണ്, നട്ടെല്ലുള്ള പത്രക്കാരനാണ് എന്നൊക്കെ വാഴ്ത്തിപ്പാടുന്നത് കേട്ടാൽ രോമാഞ്ചമണിയുകയാണ് പലരും. പക്ഷെ ആ മാധ്യമ പ്രവർത്തകനോട് പരമ പുഛമാണ് തോന്നേണ്ടത്. ടൈം വൈസ് ( സാഹചര്യത്തിനനുസരിച്ച് ) നിറം മാറുന്ന ഓന്തിന് ഒരു നിറം ഒരിക്കൽ മാത്രമല്ല പ്രത്യക്ഷപ്പെടുകയെന്ന് വിവരമുള്ള ജനത്തിനറിയാമെന്ന് മാധ്യമ പ്രവർത്തകർ മനസ്സിലാക്കുന്നില്ല. ഈ തിരിച്ചടി നേരിടുകയാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ. പാരാസൈറ്റിസ് ജേണലിസത്തിൻ്റെ അനന്ത സാധ്യതകൾ ഉപയോഗിച്ച് ഏറ്റവും അടിസ്ഥാന രഹിതമായ ആശയസംഹിതങ്ങളെ പിന്തുണച്ച് അവിടെ നിന്നെറിഞ്ഞു കിട്ടുന്ന അപ്പക്കഷണങ്ങൾ നക്കിത്തിന്നുന്നത് പോരാഞ്ഞ് അമേദ്യത്തെ അമൃതേത്തായി കരുതുകയും ചെയ്യുന്ന ഒരു മാധ്യമ പ്രവർത്തന സംസ്കാരം ഇവിടെ കുലം വാഴുകയാണ് എന്ന് നിസ്സംശയം പറയാം. എവിടാണ് പ്രശ്നം? മലയാള മാധ്യമ പ്രവർത്തനത്തിന് എന്ത് സംഭവിച്ചു? ഉത്തരം ലളിതം. ചരിത്രബോധമോ സാംസ്കാരിക ചരിത്രമോ ആദർശപരമായ ആശയങ്ങളോ ഇല്ലാത്ത ഒരു പ്രൊഫഷണൽ ജേണലിസം രൂപപ്പെട്ടതാണ് അധപതനത്തിന് കാരണം. ആ അധപതനത്തിൻ്റെ ആദ്യ പടിയായി സംഭവിച്ചതാണ് മേൽപ്പറഞ്ഞ ആ അവതാരകൻ സ്വയമവതരിപ്പിച്ച രാഷ്ട്രീയം. ആദ്യം രാഷ്ട്രീയത്തിനും പിന്നീട് മതത്തിനും പിന്നീട് ജാതികൾക്കും അതും കഴിഞ്ഞ് ഉപജാതികൾക്കും തുടർന്ന് എല്ലാം കൂടി കൂട്ടിക്കുഴച്ചും പ്രൊഫഷണലിസം മാധ്യമ പ്രവർത്തനമേഖലയെ അങ്ങനെ കൂട്ടിച്ചോറാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യ സമര കാലത്ത് രൂപപ്പെട്ട മലയാള മാധ്യമ പ്രവർത്തനമേഖലയിൽ ആശയ പോരാട്ടങ്ങൾക്കായിരുന്നു മുൻതൂക്കം. സ്വാതന്ത്ര്യ സമരം അതിൻ്റെ പൂർണ അർത്ഥത്തിൽ തുടങ്ങിയതും വളർന്നതും നടത്തിയതും നേടിയതും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൻ്റെ പ്രവർത്തനത്തിലൂടെ ആയിരുന്നു. അതിനാൽ ത്തന്നെ ആ ആശയഗതികളോടും ആദർശത്തോടും ഇണങ്ങിയുള്ള പ്രവർത്തനമായിരുന്നു മലയാള മാധ്യമ പ്രവർത്തനത്തിലും നിലനിന്നിരുന്നത്. 1920 കളോടെ സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസിനോട് അസൂയ മൂത്ത ചില വർഗ്ഗീയ ലക്ഷ്യമുള്ള സംഘടനകളും കമ്യൂണിസമെന്ന ലോക പരാജിതമായ പ്രത്യയശാസ്ത്രത്തിൻ്റെ ഉള്ളുകള്ളികൾ തിരിച്ചറിയാൻ കഴിയാതെ പോയ ചില അബദ്ധ സംഘങ്ങളും രംഗത്ത് വന്നു. യഥാർത്ഥത്തിൽ ചരിത്രപരമായ അടിസ്ഥാനമോ ആശയപരമായ മേൻമയോ അവകാശപ്പെടാനാകാത്ത അത്തരം സംഘടനകൾ കോൺഗ്രസിനോടുള്ള അസൂയ കൊണ്ടും രൂപപ്പെടാൻ സാധ്യതയുള്ള ഒരു രാജ്യത്തിൻ്റെ ഘടനയിൽ അധികാരം, വർഗീയ മേധാവിത്തം, വർഗ്ഗാധിഷ്ടിത അധികാരം എന്നിവയും സാമ്പത്തിക നേട്ടവും മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു. എവിടെയും തങ്ങളുടെ മേധാവിത്വം നിലനിർത്താൻ തങ്ങളുടെ മുതൽമുടക്ക് നിക്ഷേപമാക്കുക എന്ന കച്ചവട മനസ്ഥിതി ഫാസിസത്തിൻ്റെയും മുതലാളിത്തത്തിൻ്റെയും പൊതു സ്വഭാവമായതിനാൽ കോൺഗ്രസിനോടുള്ള അസൂയ നിറഞ്ഞ ആശയം കൊണ്ട് മാത്രം രൂപീകൃതമായ സംഘടനകളും അവരുടെ മുതൽമുടക്കായി ഇറക്കിയതും ദരിദ്ര ജീവിതസമരങ്ങൾ തന്നെയായിരുന്നു. ഈ സമരങ്ങൾക്കിടയിൽ കോൺഗ്രസിനെതിരെ എല്ലാ വിധത്തിലുമുള്ള ദുഷ്പ്രചാരണങ്ങളും നടത്താൻ ഈ വർഗ്ഗീയ- വർഗ്ഗ സംഘടനകൾ പരമാവധി ശ്രമിച്ചു. തോക്കിനെ നേരിടാൻ വാരിക്കുന്തം മതിയെന്ന കമ്യൂണിസവും ബ്രിട്ടീഷുകാരൻ്റെ മെഴുകുതിരി യെയും വൈദ്യുതി വിളക്കിനെയും നേരിടാൻ നിലവിളക്ക് മതിയെന്നും പഠിപ്പിച്ച അബദ്ധ സംഘടനകൾ ദരിദ്രരെ കുരുതി കൊടുക്കുകയും നേതാക്കൾ സുരക്ഷിതരായി കഴിയുകയും ചെയ്തു. മറുവശത്ത് കോൺഗ്രസ് നേതാക്കൾ ജയിലുകൾക്ക് ഉള്ളിലും അണികൾ സുരക്ഷിതരായി നാട്ടിലും കഴിയുമ്പോൾ ആയിരുന്നു ഫലത്തിൽ നേതാക്കൾ സുരക്ഷിതരായിരിക്കുകയും അണികൾ രക്തം ചിന്തുകയും ചെയ്തവർഗ്ഗീയ- വർഗ്ഗ പോരാട്ടങ്ങൾ നടന്നതെന്നതാണ് ഇക്കൂട്ടരടെ കപട ആദർശമെന്നത് ഒരു ദുരന്ത തമാശയാണ്. ഒടുവിൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ രക്തസാക്ഷികളായ ദരിദ്രരുടെ പേര് പറഞ്ഞ് അധികാരസ്ഥാപനത്തിനാണ് വർഗ്ഗസമരക്കാർ ശ്രമിച്ചത്. നേതാക്കൾ അധികാരം ഏറ്റ് വാങ്ങാൻ കാത്ത് നിന്ന് തന്നെ കൂടുതൽ രക്തസാക്ഷികളെ സൃഷ്ടിച്ചു. അതിൽ സ്വന്തം കുടുംബത്തിൽ പെട്ടവർ ആരും ഇല്ലന്ന് ഉറപ്പാക്കാനും വർഗ്ഗസമര നേതാക്കൾ ശ്രദ്ധിച്ചിരുന്നു. ജാതിയിൽ താഴ്ന്ന ചിലരൊഴികെ ബാക്കിയാരും കാര്യമായി മർദ്ദനം നേരിടാൻ പോലും നേതാക്കളിൽ നിന്ന് ഉണ്ടായില്ല! ഈ പശ്ചാത്തലത്തിൽ ദരിദ്ര രക്തസാക്ഷികളുടെ ത്യാഗത്തെ വാഴ്ത്തി പ്രചാരണം നടത്തിയപ്പോൾ അതെല്ലാം മഹത്തരമെന്ന് കരുതി അതിൽ ആകൃഷ്ടരായ മാധ്യമ പ്രവർത്തകരും ഉരുത്തിരിഞ്ഞു വന്നു. അതിനെ ഏകീകരിക്കാനും സ്പോൺസർ ചെയ്യാനും വർഗ്ഗസമരക്കാർ വഴി കണ്ടെത്തി. ദേശീയ ചരിത്രം പഠിപ്പിക്കാൻ മറന്നു പോയ കോൺഗ്രസ് അരനൂറ്റാണ്ടിലധികം ഇന്ത്യ ഭരിക്കുക കൂടി ചെയ്തപ്പോൾ ചരിത്രം പഠിക്കാത്ത ഒരു സമൂഹം രൂപപ്പെടുകയും അവരിലെ വിവരമില്ലാത്ത പല തലമുറകളെ ഘട്ടം ഘട്ടമായി മാധ്യമ പ്രവർത്തനത്തിൻ്റെ സാങ്കേതികതകൾ കാട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിനൊക്കെ ആകെയുള്ള ഇൻവെസ്റ്റ്മെൻ്റ് എന്നത് കോൺഗ്രസ് ആശയങളോടുള്ള അസൂയ, ചരിത്രത്തോടും കോൺഗ്രസിനോടുള്ള വിരുദ്ധത, തടിയനക്കാത്ത നേതൃത്വത്തിൻ്റെ അധികാര ക്കൊതി മൂത്ത തന്ത്രങ്ങൾ, ദരിദ്രരായിരുന്ന രക്തസാക്ഷികളുടെ വലിച്ചു നീട്ടിയതും വളച്ചുകെട്ടിയതുമായ ജീവിത കഥകൾ വിളമ്പി തെറ്റിദ്ധരിപ്പിച്ചു എന്നിവ മാത്രമായിരുന്നു ആ മുതൽക്കൂട്ട്. ആൾക്കൂട്ടമായ കോൺഗ്രസിലെ ചിലരുടെ അബദ്ധ പ്രവർത്തനങ്ങൾ ഈ വ്യാജ മുതലെടുപ്പുകാർക്ക് സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയും ഉറപ്പാക്കി കൊടുക്കുകയും ചെയ്തു. ഇതിനിടയിൽ മാധ്യമ പ്രവർത്തനമേഖലയും പരിവർത്തന പാതയിലായിരുന്നു. കോൺഗ്രസ് ഗ്രൂപ്പുകളികളും തമ്മിൽ തല്ലും അവരുടെ തന്നെ മുഖത്ത് ചെളി വാരിതേയ്ക്കുന്നത് പോലെയായപ്പോൾ സ്വയം നാണം കെടാൻ വിധിക്കപ്പെട്ട അവർക്കെതിരെ മുതലെടുപ്പ് കമ്യൂണിസ്റ്റുകളും വർഗ്ഗീയ കക്ഷികളും പതിയെ തലപൊക്കാൻ തുടങ്ങി. കോൺഗ്രസിൽ നിന്നാൽ രക്ഷപ്പെടാൻ കഴിവില്ലാത്ത പലരും കാലുമാറ്റത്തെ കലയാക്കി മറുകണ്ടം ചാടിക്കൊണ്ടിരിക്കുന്നു. അടിസ്ഥാനാദർശമില്ലാത്ത ഈ ചാഞ്ചാട്ടക്കാരുടെ വാർത്തകൾക്ക് പിന്നാലെ പാഞ്ഞവരിൽ പലരും അവരുടെ ഓഫറുകൾക്കും വശം ചെരിഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നു. വിദ്യാഭ്യസ മേഖലയിൽ പ്രവർത്തിച്ചിരുന്ന സംഘടനകളിൽ എന്തും ചെയ്യാൻ പോന്ന ഒരു സംഘടനയായി ഇടതു പക്ഷ സംഘടനകൾ മാറി.അറപ്പില്ലാതെ ആക്രമിക്കാനും അടിസ്ഥാനമില്ലാതെ എതിർക്കാനും വെറുപ്പല്ലാതെ മറ്റൊന്നും പുറത്തു വിടാനും കഴിയാത്ത യുവാക്കളെ തലപ്പത്ത് ഇരുത്തി ഇല്ലാത്ത സമത്വാശയങ്ങളെ വല്ലാതെ പ്രചരിപ്പിച്ച് കാമ്പസുകളുടെ സ്വൈര്യം കെടുത്തുന്ന ഇടത് വിദ്യാർത്ഥി സംഘടനകളെ വിദ്യാർത്ഥികൾ സ്വീകരിച്ചു. ഉഴപ്പാം, എന്ത് വൃത്തികേടും ന്യായീകരിക്കാം എന്ന നിലപാടുള്ളവർ ആ തരം സംഘടനകളിൽ സജീവമായി. അതിൽ ചിലർ മാധ്യമ പ്രവർത്തനമേഖലയിലേക്കും എത്തി. ഇപ്പോൾ ആസൂത്രിതമായും വ്യാപകമായും അത്തരക്കാരെ എല്ലാ മാധ്യമ സ്ഥാപനങ്ങളിലും തിരുകി കയറ്റുന്നതിൽ ഇടത്- വർഗീയ കക്ഷികൾ വിജയിച്ചു. ഒപ്പം വ്യക്തിസ്വാതന്ത്ര്യത്തിന് വിപുലമായ സാധ്യത നൽകിയിരുന്ന കോൺഗ്രസ് ആശയങ്ങളോട് അനുഭാവമുള്ളവർ രംഗത്ത് നിന്ന് അപ്രത്യക്ഷരായി. ഇതോടെ തുടങ്ങി കേരളത്തിൻ്റെ ഗതികേടുകൾ.
(തുടരും)
ഇനിയെന്താ? നാളെ കേരളം ഇല്ലേ?
Today's Kerala Today's Kerala